Saturday, March 23, 2019

ഉത്തരം കിട്ടാത്ത ഒരു ചോദ്യം

                                 
                                          അമ്മയുടെ സുഹൃത്ത് മറിയാമ്മ ടീച്ചർ അന്തരിച്ചു . പലപ്പോഴും 'അമ്മ പറഞ്ഞിരുന്നു നാട്ടിൽ പോകുമ്പോൾ അമ്മയ്ക് അവരെ ഒന്ന് പോയി കാണണമെന്ന്. വേണമെങ്കിൽ നടത്താമായിരുന്ന ഒരു ആഗ്രഹം മറ്റു പല അത്യാവശ്യ കാര്യങ്ങൾക്കും ഇടയിൽ നടന്നില്ല. അത് നടത്തികൊടുക്കാത്തതിൽ എനിക്ക് കാര്യമായ കുറ്റബോധം ഒന്നും ഉണ്ടായിട്ടല്ല ഇത് എഴുതുന്നത്. എന്നാൽ പണ്ട് മുതൽക്കു കേട്ടിരുന്ന ഒരു കഥയിലെ പ്രധാന കഥാപാത്രം ആയിരുന്നു ഈ ടീച്ചർ. സ്കൂളിൽ നിന്ന് വന്നാൽ പിന്നെ മൊബൈൽ ഫോണും ടിവിയും ഒന്നും ഇല്ലാത്ത കാലത്ത് ഒരു കുട്ടിയ്ക്ക് എന്തൊക്കെ ആണ് സമയം കളയാനുള്ള മാർഗം എന്നറിയാമോ? സീസൺ അനുസരിച്ചു വല്ല ചാമ്പക്ക, മാങ്ങാ, മാംഗുസ്തിക്കാ, പേരക്ക എന്തെങ്കിലും ഉണ്ടെങ്കിൽ അത് പറിച്ചു തിന്നുക, ബാലരമ, പൂമ്പാറ്റ എന്തെങ്കിലും ഉണ്ടെങ്കിൽ ഉപ്പേരി തിന്നുന്നതിനൊപ്പം വായിക്കുക, സന്ധ്യയാകുമ്പോൾ അത്ര ഭക്തിയോടെ അല്ലെങ്കിലും നാമം ജപിക്കുക, പിന്നെ 'അമ്മ വരാനുള്ള കാത്തിരിപ്പാണ്. 'അമ്മ വരുമ്പോൾ മിക്കപ്പോഴും എന്തെങ്കിലും ഉപ്പാപ്പം കൊണ്ടുവരാറുണ്ട്. ചിലപ്പോഴൊക്കെ 'അമ്മ ക്ഷീണിച്ചു വരുമ്പോൾ എന്ത് കൊണ്ടുവന്നു എന്ന് ചോദിക്കുമ്പോൾ എന്നെ ഇങ്ങു കൊണ്ടുവന്നു എന്നുള്ള മറുപടിയും കേൾക്കും എന്നാലും മിക്കവാറും എന്തെങ്കിലും കൊണ്ടുവരും. അതുപോലെ തന്നെ പ്രിയപ്പെട്ടതായിരുന്നു 'അമ്മയുടെ കഥകളും. അതിലെ മനസ്സിൽ തട്ടിയ ഒരു കഥാപാത്രം ആയിരുന്ന് മറിയാമ്മ ടീച്ചർ. യഥാർത്ഥ പേര് ഉപയോഗിച്ചാൽ ടീച്ചർന്റെ മക്കൾ വല്ലതും എന്നോട് ഗുസ്തിക്ക് വന്നാൽ അതിനുള്ള ബാല്യം ഇല്ലാത്തതു കൊണ്ട് കള്ളാ പേര് ഉപയോഗിക്കുന്നു. എന്തായാലും ഒരു ക്രിസ്ത്യാനി ടീച്ചർക്കു അനുയോജ്യം ആയ പേരാണല്ലോ മറിയാമ്മ. ഇനി കഥയിലേക്ക്‌ കടക്കാം. ടീച്ചറുടെ ഭർത്താവിന് അസ്സമിലായിരുന്നു ജോലി. മൂന്നു കുട്ടികളും ആയി സന്തോഷകരമായ ജീവിതം. പിന്നീട് ടീച്ചറുടെ ഭർത്താവിനെ പറ്റി യാതൊരു ന്യൂസും ഇല്ലാതെ ആയി പോയി. വർഷങ്ങൾ ആയി ഒരു എഴുത്തും ഇല്ല നാട്ടിൽ വരവും ഇല്ല. ടീച്ചർ ധൈര്യപൂർവം മൂന്ന് കുട്ടികളെയും വളർത്തി വലുതാക്കി. മക്കളുടെ വിവാഹത്തിനൊക്കെ son of late Mr Mathayi (പേര് വീണ്ടും സാങ്കല്പികം) എന്ന് വച്ച് ക്ഷണക്കത്തും അയച്ചു. ഇയാൾ എവിടെ പോയതാണെന്നുള്ള കാര്യം ഞാൻ പലപ്പോഴും കാടു കയറി ചിന്തിച്ചിട്ടുണ്ട്. ബോർഡർ വല്ലതും ക്രോസ്സ് ചെയ്തു പാകിസ്ഥാനിലോ മറ്റോ പോയതാണോ അതോ അധോലോകത്തിന്റെ മറ്റോ ആണോ എന്നൊക്കെ. മലയാളം സീരിയൽ ഒക്കെ കാണുന്നവർക്കു ഇതൊരു സാധാരണ കത്തായിരിയ്ക്കും പക്ഷെ അന്നത്തെ എന്തെ ലോക പരിചയം വെച്ച് ഇത് സാധാരണയിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു കഥയായിരുന്നു. ഇതിനെ പറ്റി ആരോടെങ്കിലും സംസാരിക്കാം എന്ന് വച്ചാൽ വീട്ടിൽ ഏല്ലാവരും സീനിയർസ് ആണ് താനും. 'നീ പഠിക്കാനുള്ളത് വല്ലതും ചിന്തിക്കേടാ' എന്ന് പറഞ്ഞു ഒരു ബ്രൗണി പോയിന്റ് കരസ്ഥം ആക്കാനുള്ള അവസരം സുമചേച്ചി പോലും വെറുതെ കളയില്ല എന്ന് ഉത്തമ  ബോധ്യം ഉള്ളതിനാൽ ഞാൻ എന്റെ സംശയങ്ങൾ ഒക്കെ സ്വയം കൊണ്ട് നടന്നു ചിലപ്പോഴൊക്കെ പുറത്തെടുത്തു കുറച്ചു സമയം ചിന്തിച്ചു വീണ്ടും അടച്ചു വെക്കും. അങ്ങനെ ഇരിക്കെ കഥയിൽ ഒരു ട്വിസ്റ്റ്. അപ്പോഴേക്കും ഞാൻ കുറെ ഒക്കെ വലുതായെന്നു തോന്നുന്നു. എന്നാലും അയാളെ പറ്റിയുള്ള curiosity എന്നോടൊപ്പം വളർന്നിരുന്നു. ഒരു ദിവസം അയാളുടെ ഒരു കത്ത് ടീച്ചേർക്കു വന്നു. അയാൾ തിരുച്ചു വരട്ടെ എന്നുള്ള ഒരു സംശയം പ്രകടിപ്പിച്ചു കൊണ്ടുള്ള ഒരു കത്ത്. തിരിച്ചു വരൻ അയാൾക്കു അനുമതി കൊടുത്തു കൊണ്ടുള്ള ഒരു കത്ത് ടീച്ചർ അയക്കും എന്ന് ഞാൻ ഒരുപാടു ആഗ്രഹിച്ചു. ഇത് വായിക്കുന്ന ഫെമിനിസ്റ്റ് ചിന്താഗതിക്കാർ പ്രതിഷേധിച്ചേക്കാം പക്ഷെ എന്റെ ആത്മാർത്ഥമായ ആഗ്രഹം ആയിരുന്നു അയാൾ എവിടെ പോയതാണെന്ന് അറിയണമെന്ന്. ഒരു പക്ഷെ അയാൾ എങ്ങാനും നിരപരാധിയാണെങ്കിൽ അയാൾക്കു ന്യായം കിട്ടാതെ പോകരുതെന്ന ആഗ്രഹം ആണെന്ന് വേണാമെങ്കിലും പറയാം. പക്ഷെ ടീച്ചറുടെ മറുപടി എന്നെ നിരാശപ്പെടുത്തി. 'നിങ്ങൾ എന്നോട് ചോദിച്ചിട്ടല്ലലോ പോയത്. പിന്നെ എന്തിനാണ് വരാൻ എന്നോട് ചോദിക്കുന്നത്' എന്നിങ്ങനെ അത്രയും വർഷം  സ്നേഹം നിഷേധിച്ച ഭർത്താവിനോടുള്ള പ്രതിഷേധം ആ കത്തിൽ പ്രകടിപ്പിച്ചു. ഇപ്പോൾ ഞാൻ പ്രതീക്ഷിച്ചു അയാൾ ഇത് മനസിലാക്കി തിരിച്ചെത്തും എന്ന്. ടീച്ചർ അയാൾ തിരുച്ചു വരാൻ  കത്തെഴുതണമായിരുന്നു  എന്നുള്ള എന്റെ ആഗ്രഹം അമ്മയെ അറിയിച്ചെങ്കിലും അവർ തന്നെ മക്കളെ വളർത്തിയ കഷ്ടപ്പാടൊക്കെ പറഞ്ഞു 'അമ്മ അത് മുളയിലേ നുള്ളി കളഞ്ഞു. എന്തായാലും ടീച്ചറുടെ മറുപടിക്കു ശേഷം അയാൾ പിന്നീട് വീണ്ടും അപ്രത്യക്ഷനായി. അയാൾക്കു എന്തായിരുന്നു സംഭവിച്ചത് എന്നറിയാനുള്ള എന്റെ ആഗ്രഹം എന്നെന്നേക്കുമായി ഭൂമിയിൽ അവശേഷിച്ചു. മറ്റൊരു ലോകത്തു വച്ച് അവർ പരസപരം സംഭവിച്ചതിലൊക്കെ പറഞ്ഞു compromise ആക്കിയിട്ടു എനിക്ക് സ്വപ്നത്തിൽ വന്നു പറഞ്ഞു തരും  എന്ന് പ്രതീക്ഷിക്കാം. 

No comments:

Post a Comment